കണ്ണൂർ; എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ മനപ്പൂർവ്വം എത്തിയതാണെന്ന് വ്യക്തം. പരിപാടിയിൽ പിപി ദിവ്യ നടത്തിയ പ്രസംഗം തന്നെയാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്ഥലം മാറി പോകുന്നതിന് മുൻപ് പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നന്ദി പറയാനാണ് താൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നതെന്ന് ആയിരുന്നു ദിവ്യയുടെ വാക്കുകൾ.
ഇത് പറയുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖഭാവത്തിൽ നിന്നും കരുതിക്കൂട്ടിയാണ് വാക്കുകളെന്ന് കൃത്യമായി വായിച്ചെടുക്കാമായിരുന്നു. പിപി ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾ നവീൻ ബാബു സാധാരണപോലെയാണ് പെരുമാറിയത്. എന്നാൽ വ്യക്തിപരമായി അവഹേളിച്ചതോടെ എഡിഎമ്മിന്റെ മുഖത്ത് മാനസീകപ്രയാസം കാണാമായിരുന്നു.
മുൻ എഡിഎം ഉണ്ടായിരുന്ന സമയത്ത് നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇദ്ദേഹം വന്നപ്പോൾ അങ്ങനെയുളള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ഞാൻ ഒരു തവണ അദ്ദേഹത്തെ വിളിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ വിളിച്ച വിവരം പിപി ദിവ്യ പറഞ്ഞത്. നിങ്ങൾ ആ സൈറ്റ് ഒന്നു പോയി നോക്കണം എന്ന് പറഞ്ഞു. ഒരു തവണ വിളിച്ചു, രണ്ട് തവണ വിളിച്ചു, ഒരു ദിവസം പറഞ്ഞു സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന്.
ആ സംരംഭകൻ പല തവണ എന്റെ മുറിയിൽ വന്നു തീരുമാനം ഒന്നും ആയില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോൾ എഡിഎമ്മിനെ വീണ്ടും വിളിച്ചു. അപ്പോൾ പറഞ്ഞു അതിൽ ചെറിയ പ്രശ്‌നമുണ്ട് വളവും തിരിവും ഒക്കെയുളളതുകൊണ്ട് എൻഒസി കൊടുക്കാൻ കുറച്ച് പ്രശ്‌നമാണെന്ന്. ഒടുവിൽ എഡിഎം ഇവിടെ നിന്ന് പോകുന്നതുകൊണ്ട് എൻഒസി കിട്ടിയെന്ന് ആ സംരംഭകൻ പറഞ്ഞു. അത് ഏതായാലും നന്നായി. ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എൻഒസി കൊടുത്തതിന് അദ്ദേഹത്തിന് നന്ദി പറയാനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്. ജീവിതത്തിൽ സത്യസന്ധത നമ്മൾ എപ്പോഴും പാലിക്കണമെന്ന് ഉൾപ്പെടെയായിരുന്നു പിപി ദിവ്യയുടെ വാക്കുകൾ.
കാസർകോഡ് ആയിരുന്നു നവീൻ ബാബു ജോലി ചെയ്തിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സ്ഥലം മാറി പോകേണ്ടതായിരുന്നു. പക്ഷെ വൈകിയതിനാൽ കണ്ണൂരിൽ തുടരുകയായിരുന്നു. ഒടുവിൽ സ്വദേശമായ പത്തനംതിട്ടയിലേക്ക് പോസ്റ്റിംഗ് കിട്ടി മടങ്ങാനിരിക്കെ നടത്തിയ യാത്രയയയപ്പ് യോഗത്തിലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം നേരിടേണ്ടി വന്നത്.