തിരുവനന്തപുരം: വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ക്ഷണിക്കാതെ യാത്രയയപ്പു ചടങ്ങിനെത്തി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ മനപ്പൂർവ്വം പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി.പി. ദിവ്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി വേണം. സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആത്മഹത്യാപ്രേരണയ്‌ക്കും നരഹത്യയ്‌ക്കും പിപി ദിവ്യക്കെതിരെ കേസെടുക്കണം. ജില്ലാ കളക്ടറുടെ മൊഴിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം നേതാക്കൾ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും കേരളത്തിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. നിരവധി സത്യസന്ധരായ ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് വഴിവിട്ട സഹായം ചെയ്തു കൊടുത്തില്ലെന്ന തെറ്റിന് ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെട്ടത്. പിപി ദിവ്യ ഉടൻ സ്ഥാനം രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെയാണ് എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിലെത്തി പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ക്ഷണിക്കാതിരുന്നിട്ടും മനപ്പൂർവ്വം ഇവർ എത്തുകയായിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എൻഒസി നൽകാനായി എഡിഎമ്മിനെ ഒരുപാട് തവണ വിളിച്ചുവെന്ന് പറഞ്ഞായിരുന്നു ദിവ്യയുടെ ആരോപണം. വളവും തിരിവും ഉളള റോഡായതിനാൽ എൻഒസി നൽകാൻ എളുപ്പമല്ലെന്ന് ആയിരുന്നു എഡിഎമ്മിന്റെ മറുപടി. എന്നാൽ സ്ഥലം മാറിപ്പോകുന്നതിന് മുൻപ് എൻഒസി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും പിപി ദിവ്യ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും പിപി ദിവ്യ അവകാശപ്പെട്ടിരുന്നു.
എഡിഎമ്മിനെതിരെ വിമർശനം ഉന്നയിക്കുമെന്ന് മാദ്ധ്യമങ്ങളെ ഉൾപ്പെടെ അറിയിച്ച ശേഷമാണ് പിപി ദിവ്യ ചടങ്ങിനെത്തിയത്. ഇന്നലെ പത്തനംതിട്ടയിലെ വീട്ടിലേക്ക് പോകേണ്ടിയിരുന്ന നവീൻ ബാബു രാത്രി കണ്ണൂരിലെ വീട്ടിൽ തന്നെ ജീവനൊടുക്കുകയായിരുന്നു.















