തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും സുധാകരൻ പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ജില്ലാ പ്രസിഡന്റ് എന്നത് വലിയ ദുഃഖകരമായ കാര്യമാണ്. അവർ എന്തിനാണ് അവിടെ വന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന് അവർ പറയാതെ പറഞ്ഞു. നിറഞ്ഞ സദസിന്റെ മുമ്പിൽ വച്ച് കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്ഥനെ അവർ നിർത്തിപ്പൊരിച്ചു. അദ്ദേഹത്തെ കൊല്ലാകൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്.
സിപിഎമ്മുകാർക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിൽ. ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. വസ്തുതകൾ കണ്ടെത്തി, ദിവ്യക്കെതിരെ നടപടി സ്വീകരിക്കണം.
കണ്ണൂരിലെ എഡിഎം ആയി വന്ന സമയത്ത് പല പരിപാടിയിൽ വച്ച് നവീൻ ബാബുവിനെ കണ്ടിട്ടുണ്ട്. നല്ല അഭിപ്രായങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. സഹപ്രവർത്തകർക്ക് അദ്ദേഹത്തെ കുറിച്ച് വലിയ മതിപ്പാണ്. അങ്ങനെ ഒരാളെയാണ് ജില്ലാ പ്രസിഡന്റ് കൊല്ലാകൊല ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു.















