രജനീകാന്ത് പൊലീസ് വേഷത്തിലെത്തി തകർത്തഭിനയിച്ച വേട്ടയൻ തിയേറ്ററുകളിൽ ആവേശകരം. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 240 കോടിയാണ് ചിത്രം നേടിയത്. ഈ വാരാന്ത്യത്തിൽ കളക്ഷൻ 300 കോടിയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി പിന്നിട്ടിരുന്നു. ആദ്യ മണിക്കൂറുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നെങ്കിലും പിന്നീട് തിയേറ്ററിൽ തരംഗമാകുകയായിരുന്നു വേട്ടയൻ.
തമിഴ്നാട്ടിൽ നിന്ന് മാത്രം 65 കോടിയാണ് ചിത്രം നേടിയത്. ഇന്നലെ മാത്രം അഡ്വാൻസ് ബുക്കിംഗിലൂടെ മൂന്ന് കോടിയും ചിത്രം നേടി. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. 150 കോടി നേടിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ തുക ചിത്രം നേടിയെന്ന് നിർമാതാക്കൾ അറിയിച്ചു.
തമിഴിന് പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. രജനീ ആരാധകരുടെ പ്രതീക്ഷയ്‌ക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് സംവിധായകൻ
ടി കെ ജ്ഞാനവേൽ ചിത്രം ഒരുക്കിയിരിക്കുന്നത്. രജനീകാന്തിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, അഭിരാമി, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. 33 വർഷങ്ങൾക്ക് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു വേട്ടയൻ.