തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുമെതിരായ വ്യാജ പരാമർശങ്ങളിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി. ഹൈന്ദവ സമൂഹത്തിന്റെ നേതൃത്വത്തെ ഇല്ലാതാക്കുക എന്നതാണ് ഇടതു വലതു പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ആർ.വി ബാബു പറഞ്ഞു.
ആർഎസ്എസിനും വത്സൻ തില്ലങ്കേരിക്കുമെതിരായ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സ്പീക്കർക്ക് നിവേദനവും നൽകി. വത്സൻ തില്ലങ്കേരി കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്‌ട്രീയ താല്പര്യത്തിനായി വത്സൻ തില്ലങ്കേരിയെ വ്യക്തിപരമായി അധിഷേപിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ആർവി ബാബു പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇഎസ് ബിജുവും മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. തൃശൂർ പൂരം അലങ്കോലമാക്കിയതിൽ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവക്കാൻ നിയമസഭയ്‌ക്കുളളിൽ ആർഎസ്എസിന്റെ മേൽ പഴിചാരുകയാണ് എൽഡിഎഫും യുഡിഎഫുമെന്ന വിമർശനം പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്. ഇതിനിടയിലാണ് ഹിന്ദു ഐക്യവേദിയും പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നത്.
തിരുവനന്തപുരം ജിപിഒ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമപം പൊലീസ് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.















