സ്ട്രീറ്റ് ഫുഡിന് എക്കാലവും പേരുകേട്ടയിടമാണ് മുംബൈ. അതിൽ തന്നെ ആദ്യം കേൾക്കുന്ന പേരും വൻ ഡിമാൻഡുമുള്ള വിഭവമായിരിക്കും വടാ പാവ്. മലയാളിക്ക് പൊറോട്ട എങ്ങനെയാണോ അതുപോലെയാണ് മുംബൈക്കാർക്ക് വടാ പാവ്.
ഒറ്റ ഓർഡറിൽ 11,000 വടാ പാവ് എത്തിച്ച് നൽകി റെക്കോർഡിട്ടിരിക്കുകയാണ് സ്വിഗ്ഗി. ദാരിദ്ര്യത്തെ ഇല്ലാതാക്കാനായി പരിശ്രമിക്കുന്ന എൻജിഒ ആയ റോബിൻഹുഡ് ആർമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത്. ഏറ്റവുമൊടുവിലായി സ്വിഗ്ഗി അവതരിപ്പിച്ച സ്വിഗ്ഗി XL ഫ്ലീറ്റ് വഴിയായിരുന്നു ഓർഡർ എത്തിച്ച് നൽകിയത്. ഇലക്ട്രിക് വാഹനങ്ങളുടെ സഹായത്തോടെ വലിയ ഓർഡറുകൾ എത്തിച്ച് നൽകുന്ന സേവനമാണ് സ്വിഗ്ഗി XL ഫ്ലീറ്റ്.
നഗരത്തിലെ പ്രമുഖ വടാ പാവ് കച്ചവടക്കാരനായ എംഎം മിതൈവാലയുടെ കടയിൽ നിന്നാണ് സ്വിഗ്ഗി ഓർഡർ എത്തിച്ച് നൽകിയത്. ബാന്ദ്ര, ജുഹു, കിഴക്കൻ അദ്ദേരി,മലാഡ്, ബോറിവാലി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ദശലക്ഷ കണക്കിന് വടാ പാവാണ് മുംബൈ നഗരത്തിൽ വിറ്റഴിച്ചതെന്നും ഇപ്പോൾ XL ഫ്ലീറ്റിന്റെ സഹായത്തോടെയാണ് ആളുകളുടെ പ്രിയ വിഭവങ്ങൾ എത്തിച്ച് നൽകുന്നതെന്ന് സ്വിഗ്ഗി സഹസ്ഥാപകൻ ഫാനി കിഷൻ പറഞ്ഞു. ചെറുതോ വലുതോ എന്ന് വ്യത്യാസമില്ലാതെ കൃത്യസമയത്ത് ആളുകളിലേക്ക് ഓർഡർ എത്തിച്ച് നൽകാനുള്ള സ്വിഗ്ഗിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















