ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തി. നൂർ ഖാൻ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താൻ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ 15,16 തീയകളിൽ വിദേശകാര്യമന്ത്രി പാകിസ്താനിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷ പാകിസ്താൻ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
23-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് എസ് ജയ്ശങ്കർ പാകിസ്താനിലെത്തിയത്. ഉച്ചകോടിയിൽ വ്യാപാരം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി നേതാക്കളാണ് ഉച്ചകോടയിൽ പങ്കെടുക്കുന്നത്. ഇസ്ലാമാബാദിൽ സുരക്ഷ കർശനമാക്കിയതായി പാകിസ്താർ സർക്കാർ അറിയിച്ചു.
Landed in Islamabad to take part in SCO Council of Heads of Government Meeting. pic.twitter.com/PQ4IFPZtlp
— Dr. S. Jaishankar (@DrSJaishankar) October 15, 2024
ഉച്ചകോടി നടക്കുന്ന വേദി, സർക്കാർ കെട്ടിടങ്ങൾ, റെഡ് സോൺ ഏരിയകൾ തുടങ്ങിയ ഭാഗങ്ങൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും പാകിസ്താനിലെത്തുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി.
പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന 900 ഓളം പ്രതിനിധികളുടെ സുരക്ഷയ്‌ക്കായി 10,000 പൊലീസുകാരെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് 14 ഇടങ്ങളിൽ താമസ സൗകര്യങ്ങളും അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാകിസ്താൻ സർക്കാർ അറിയിച്ചു.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. 16ന് ഇസ്ലാമാബാദിൽ നടക്കുന്ന വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. പാക് പ്രതിനിധികളുമായി നയതന്ത്ര ചർച്ചയ്‌ക്ക് ഒരുക്കമല്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.















