എൻസിപി നേതാവ് ബാബാ സിദ്ദിഖിന്റെ കൊലപാതകത്തോടെ ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗവും നടൻ സൽമാൻഖാനും വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചു. 1998ൽ ജോധ്പൂരിന് സമീപം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന് നടൻ സൽമാൻ ഖാൻ ഉൾപ്പെടയുള്ളവർക്കെതിരെ ആരോപണമുയർന്നിരുന്നു. ഈ സംഭവമാണ് ബിഷ്‌ണോയി സമൂഹത്തിൽ വ്യാപക രോഷത്തിനും പ്രതിഷേധത്തിനും കാരണമായത്. തങ്ങളുടെ എല്ലാമെല്ലാമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ സൽമാൻഖാനെ വെറുതെ വിടാൻ അവർ ഒരിക്കലും തയാറായിരുന്നില്ല എന്നതിന് തെളിവാണ് ഓരോതവണയും നടന് നേരെയുണ്ടാകുന്ന വധശ്രമങ്ങൾ.
ഒരു കൃഷ്ണമൃഗത്തിനുവേണ്ടി ഇത്രയധികം മനുഷ്യജീവനുകളെ വേട്ടയാടണോ എന്ന് ചോദിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗങ്ങളും തമ്മിലുള്ള ബന്ധം. വെറും ഒരു വന്യജീവിയോട് തോന്നുന്ന സ്നേഹമോ അനുകമ്പയോ അല്ല അത്. മറിച്ച് 550 വർഷങ്ങൾ പഴക്കമുള്ള അവരുടെ ജീവിതചര്യയാണ്.
15-ാം നൂറ്റാണ്ടിൽ ഗുരു ജംഭേശ്വർ (ജാംബാജി എന്നും അദ്ദേഹം അറിയപ്പെടുന്നു) സ്ഥാപിച്ച ബിഷ്ണോയ് സമൂഹം 29 തത്വങ്ങളിൽ അധിഷ്ഠിതമായതാണ്. ഇവ പ്രധാനമായും വന്യജീവികളുടെയും സസ്യജാലങ്ങളുടെയും സംരക്ഷണത്തിന് ഊന്നൽ നൽകുന്നു. മരങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണമാണ് തങ്ങളുടെ ജീവിത ധർമ്മം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണിത്. ബിഷ്‌ണോയി ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ബിഷ്ണോയ് സമൂഹം അവരുടെ ആത്മീയ ഗുരുവായ ജംഭേശ്വരന്റെ പുനർജന്മമായാണ് കൃഷ്ണമൃഗത്തെ ആരാധിക്കുന്നത്. ബിഷ്‌ണോയ് നാടോടിക്കഥകളിൽ ജാംബാജി തന്റെ അനുയായികളോട് കൃഷ്ണമൃഗത്തെ തന്റെ പ്രതിരൂപമായി കണ്ട് ബഹുമാനിക്കാൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. തങ്ങൾ മാനുകളായി പുനർജനിക്കുമെന്ന് ബിഷ്ണോയികൾ വിശ്വസിക്കുന്നതായും പറയപ്പെടുന്നു.
കൃഷ്ണമൃഗങ്ങളുമായുള്ള ബിഷ്ണോയ് സമൂഹത്തിന്റെ ബന്ധം ആത്മീയമായ ആരാധനയ്‌ക്കപ്പുറമാണ്. അത് ആഴത്തിലുള്ള സാംസ്കാരികവും പാരിസ്ഥിതികവുമായ ബന്ധമാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയും അവർ കൃഷ്ണമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. നൂറ്റാണ്ടുകളായി ബിഷ്‌ണോയികൾ ഈ മൃഗങ്ങളുമായി ഇടപഴകിയാണ് ജീവിക്കുന്നത്. സൂര്യനസ്തമിച്ചാൽ തങ്ങൾക്കരികിലെത്തുന്ന കൃഷ്ണമൃഗങ്ങളെ പരിപാലിക്കാൻ അവർ സമയം കണ്ടെത്തും.
ബിഷ്‌ണോയ് ഗ്രാമങ്ങളെ മരുഭൂമിയിലെ മരുപ്പച്ചകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മരങ്ങൾ ധാരാളമുണ്ട്. കൃഷ്ണമൃഗങ്ങളും ചിങ്കാരകളും ഭയമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കും. വരൾച്ചയുടെ കാലത്ത് കൃഷ്ണമൃഗങ്ങൾക്ക് കുടിക്കാനായി ഓരോ ഗ്രാമത്തിലും തിനയും വെള്ളവും ശേഖരിച്ച് വയ്‌ക്കുന്നു. ബിഷ്ണോയ് സ്ത്രീകൾ കൃഷ്ണമൃഗത്തെ സ്വന്തം കുഞ്ഞുങ്ങളെപോലെ സ്നേഹിക്കുന്നു. അമ്മയിൽ നിന്നും ഒറ്റപ്പെട്ടുപോയ കൃഷ്ണമൃഗത്തിന്റെ കുഞ്ഞുങ്ങളെ അവർ പാലൂട്ടി വളർത്തുന്നു. മതപരമായ ഒരു കടമെയെക്കാൾ ഉപരി തങ്ങളുടെ ദിനചര്യയുടെ ഭാഗമായാണ് അവർ ഇതിനെ കാണുന്നത്.
1730-ൽ ജോധ്പൂരിനടുത്തുള്ള ഖെജർലി ഗ്രാമത്തിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ പോരാടി 362 സ്ത്രീകളുടെ ജീവൻ ബലികഴിച്ച വീര ചരിത്രവും ബിഷ്ണോയ് സമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ സൽമാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് 1998 മുതൽ ആരംഭിച്ച നിയമ പോരാട്ടം യഥാർത്ഥത്തിൽ ചൂണ്ടികാട്ടുന്നത് തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും പിന്തുടരാനുള്ള ബിഷ്ണോയ് സമൂഹത്തിന്റെ നിശ്ചയദാർഢ്യമാണ്.















