അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായകളിലൊന്നാണ് ‘ഗോവ’. ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയ ഗോവയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണുകൾ ഈറനണിയിച്ചിരുന്നു. ഉടമയുടെ വിയോഗത്തിന് ദിവസങ്ങൾക്ക് പിന്നാലെ ഗോവയും മരിച്ചെന്ന വാർത്തകൾ വൈറലായത്. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പൊലീസ്.
ഗോവ മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ബോംബെ ഹൗസിൽ ഗോവ സുഖമായി ഇരിക്കുന്നുണ്ടെന്നും സീനിയർ ഇൻസ്‌പെക്ടർ വ്യക്തമാക്കി. രത്തൻ ടാറ്റ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഗോവയും മരിച്ചെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. മനുഷ്യരെക്കാൾ നന്ദിയും സ്‌നേഹവുമുള്ളത് നായകൾക്കാണെന്ന് ഇതുകൊണ്ടാണ് എല്ലാവരും പറയുന്നതെന്നും പ്രചരിച്ച പോസ്റ്റിലുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും രത്തൻ ടാറ്റയുടെ അസിസ്റ്റന്റായ ശാന്തനു നായിഡുവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നുവെന്നും ഇൻസ്‌പെക്ടർ സുധീർ കുടൽക്കർ വ്യക്തമാക്കി.
View this post on Instagram
ഗോവയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പട്ടിണികോലമായ നായയെ രത്തൻ ടാറ്റ കാണുന്നത്. പരിക്കുകളേറ്റ് കിടക്കുന്ന നായയെ പിന്നീട് അദ്ദേഹം തന്റെ കൂടെ കൂട്ടുകയായിരുന്നു. ബോംബെ ഹൗസിൽ എത്തിയ ശേഷം നായയ്‌ക്ക് ഗോവ എന്നും പേരിട്ടു. ഗോവയിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് അവന് ഈ പേര് നൽകിയതെന്ന് അദ്ദേഹം വ്യാക്തമാക്കിയിരുന്നു.