തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ കടന്നാക്രമിച്ച് കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന വാർത്തയ്‌ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ.
യുഡിഎഫിന് പാലക്കാട് മത്സരിപ്പിക്കാൻ ഒരു ആൺകുട്ടി പോലുമില്ലെന്ന് വേണം മനസിലാക്കാൻ. രാഹുൽ മാങ്കൂട്ടത്തിൽ കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ച വ്യക്തിയാണ്. ഞങ്ങളുടെ അമ്മയെ കരിവാരി തേച്ച ഇയാളെ മാത്രമേ യുഡിഎഫിന് മത്സരിപ്പിക്കാനായി കിട്ടിയുള്ളോയെന്നും പദ്മജ ചോദിച്ചു.
കെ. മുരളീധരന് പാലക്കാട് സീറ്റ് നൽകുമെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ കെ. കരുണാകരന്റെ മകന് സീറ്റ് നൽകില്ലെന്ന് ഞാൻ അന്നേ വ്യക്തമാക്കിയിരുന്നു. താൻ പറഞ്ഞത് ശരിയായിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പദ്മജ പറഞ്ഞു.
ഇന്ന് വൈകിട്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കും. 25 വരെ നോമിനേഷൻ സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. മൂന്നിടങ്ങളിലേക്കുമുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പാർലമെന്ററി ബോർഡ് വൈകാതെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.