ന്യൂഡൽഹി: ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സെൻ്റർ ഓഫ് എക്‌സലൻസ് (CoE) സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2028 ഓടെയാണ് എയിംസ്, IIT ഡൽഹി, കാൺപൂർ, റോപ്പർ എന്നിവയുടെ പിന്തുണയോടെ AI സെന്ററുകൾ സ്ഥാപിക്കുക. 2023-24 ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച “AI ഇന്ത്യയിൽ നിർമ്മിക്കുക AI ഇന്ത്യക്കുവേണ്ടി പ്രവർത്തിപ്പിക്കുക (Make AI in India and Make AI work for India ) എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
AI കേന്ദ്രങ്ങൾക്കായി 990 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്‌ടിക്കുന്നവരുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനായി യുജിസി അംഗം ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിൽ കേന്ദ്രം ഒരു ഉന്നത സമിതി രൂപീകരിച്ചു. 2023-24 സാമ്പത്തിക വർഷം മുതൽ 2027-28 സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷങ്ങളിലായി ഈ സംരംഭം നടപ്പിലാക്കും. പൊതുനന്മയുടെ ആഗോള കേന്ദ്രങ്ങളായി മൂന്ന് AI കേന്ദ്രങ്ങളും ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.















