തിരുവനന്തപുരം: അനാസ്ഥയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ. പൂജപ്പുരയിൽ നടുറോഡിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണ് ആക്ഷേപം. ആശുപത്രിയിലെത്തിച്ച ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രക്ചർ പോലും നൽകിയില്ല.
പ്രാണവെപ്രാളത്തോടെ മെഡിക്കൽ കോളജ് വരാന്തയിൽ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിലത്തിരിക്കുകയും പ്രാണവേദനയോടെ എഴുന്നേൽക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് അധികൃതർക്കുമെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
സ്ട്രക്ചർ ലഭിക്കാത്തതുകൊണ്ടു തന്നെ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും വൈകി. നഴ്സിംഗ് അസിസ്റ്റന്റിന്റെ പോലും സേവനം ലഭ്യമായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വൈകിട്ടായിരുന്നു കരകുളം സ്വദേശി ബൈജു ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിൽ. കുട്ടികളെയും കൂട്ടി പെട്രോളുമായി പോകുന്ന ബൈജുവിനെ കണ്ട് സംശയം തോന്നിയ ചിലരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബൈജു പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പൊള്ളലേറ്റിരുന്നു.
ലിഫ്റ്റിൽ രോഗി കുടുങ്ങിയും മറ്റും അടുത്തിടെ വാർത്തകളിലും വിവാദത്തിലും നിറഞ്ഞുനിന്ന മെഡിക്കൽ കോളേജിലെ പുതിയ സംഭവവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുകയാണ്.















