അൾജിയേഴ്‌സ്: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി അൾജീരിയയിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സിദി അബ്ദുള്ള സയൻസ് ആൻഡ് ടെക്‌നോളജി പോൾ യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിലാണ് രാഷ്‌ട്രപതിക്ക് ഡോക്ടറേറ്റ് നൽകിയത്. തനിക്ക് ലഭിച്ച ആദരം തന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണെന്ന് ദ്രൗപദി മുർമു പറഞ്ഞു.
” അൾജീരിയയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ എന്നെക്കാളേറെ എന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണിത്. ദേശീയ വികസന ദൗത്യങ്ങളിൽ നേരിട്ട് പങ്കാളികളാവുന്ന യുവാക്കളെ എപ്പോഴും അഭിസംബോധന ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്. ആഫ്രിക്കയിൽ നിന്നും അൾജീരിയയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും ഇന്ത്യ നൽകുന്നുണ്ട്”.- ദ്രൗപദി മുർമു പറഞ്ഞു.
ഇന്ത്യ ഗവൺമെന്റിന്റെ വിവിധ സംരംഭങ്ങൾ പ്രയോജനപ്പെടുത്താൻ അൾജീരിയയിലെ വിദ്യാഭ്യാസ വകുപ്പുകളെ രാഷ്‌ട്രപതി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസം, അസമത്വം ഇല്ലാതാക്കും. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകും. അത്തരത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയും നിരവധി സ്‌കോളർഷിപ്പുകളും സ്‌കീമുകളും നൽകുന്നുണ്ടെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.
ഡിജിറ്റൽ മേഖലയിൽ ഇന്ത്യ അതിവേഗം കുതിച്ചുയരുകയാണ്. ടെക്‌നോളജി രംഗത്ത് ഇന്ത്യ ഇതിനോടകം മുദ്ര പതിപ്പിച്ചു. ബഹിരാകാശ മേഖലയിലും ശാസ്ത്ര രംഗങ്ങളിലും ഭാരതത്തിന്റെ ചുവടുവയ്പ്പ് ശ്രദ്ധേയമാണ്. അടുത്ത വർഷം ഭാരതം ഗഗൻയാൻ ദൗത്യത്തിന് പദ്ധതിയിടുന്നു. ഇന്ത്യയിൽ നിന്നും ബഹിരാകാശത്തേക്ക് സഞ്ചാരികളെത്തുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യ- അൾജീരിയ ബന്ധം എക്കാലവും ദൃഢമായിരിക്കും. ഇരുരാജ്യങ്ങളിലെയും യുവാക്കൾ രാജ്യങ്ങളുടെ പുരോഗതിക്ക് ശക്തി പകരും. ഇതിലൂടെ ഇന്ത്യയുടെയും അൾജീരിയയുടെയും സൗഹൃദം കൂടുതൽ ദൃഢമാകുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.