ഡെറാഡൂൺ: ഇതുവരെ ചാർധം യാത്രയുടെ ഭാഗമായത് 40 ലക്ഷം തീർത്ഥാടകരെന്ന് റിപ്പോർട്ട്. ബദരീനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളിലേക്ക് എത്തിയവരുടെ കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.
ഇതുവരെ 40,92,360 പേരാണ് ചാർധാം യാത്ര നടത്തിയത്. ഇന്നലെ മാത്രം 27,789 പേരെത്തി. ഇതിൽ ഏറ്റവും കൂടുതൽ പേരെത്തിയത് കേദാർനാഥിലാണ്, 11,309 പേർ. 6,644 പേർ ബദരീനാഥിലും 2,406 പേർ ഗംഗോത്രിയിലും 3,290 പേർ യമുനോത്രിയിലും തീർത്ഥാടനത്തിനെത്തി.
പ്രതികൂല കാലാവസ്ഥ മൂലം അടുത്ത മാസം ചാർധാം യാത്ര നിർത്തിവയ്‌ക്കുമെന്നും അതിനാൽ തന്നെ നിലവിൽ വൻ തിരക്കാണ അനുഭവപ്പെടുന്നതെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. സുഗമവും സുരക്ഷിതവുമായ ചാർധാം യാത്രയ്‌ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പത്ത് ദിവസം വൈകി മെയ് 10-നാണ് ചാർധാം യാത്ര ആരംഭിച്ചത്. കേദാർനാഥിന്റെ കവാടങ്ങൾ ഏപ്രിൽ 25-നും ബദരിനാഥിന്റെ കവാടങ്ങൾ ഏപ്രിൽ 27-നും തുറന്നു. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ മെയ് പത്തിനും തീർത്ഥാടനം ആരംഭിച്ചു. നവംബർ മാസം വരെ തീർത്ഥാടനം തുടരും.