ന്യൂഡൽഹി: രാജ്യത്ത് 4ജി സേവനങ്ങൾ വരും വർഷ മെയ് മാസത്തോടെ സജ്ജമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജൂൺ മാസത്തോടെ 5ജി സർവീസും ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇന്ത്യ, 4ജിയിൽ ലോകത്തെ പിന്തുടർന്നുവെന്നും 5ജിയിൽ ലോകത്തോടൊപ്പം പങ്കുച്ചേരുന്നുവെന്നും 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കുമെന്നും സിന്ധ്യ പറഞ്ഞു. യുഎസ്-ഇന്ത്യ പങ്കാളിത്ത ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച സങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ ഉപകരണങ്ങളോ മറ്റ് ഭാഗങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരണത്താലാണ് 4ജി, 5ജി സാങ്കേതികവിദ്യയിൽ ബിഎസ്എൻഎൽ അൽപം പിന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ടെലികോം മേഖല തന്നെ വലി മാറ്റത്തിനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാമ്പും റേഡിയോ ആക്സസ് നെറ്റ്‌വർക്കും ബിഎസ്എൻഎല്ലിന് സ്വന്തമായുണ്ട്. അടുത്ത വർഷം മെയ് മാസം വരെ ഒരു ലക്ഷം സൈറ്റുകളുടെ പ്ലാൻ ലഭിച്ചിട്ടുണ്ട്. ഇന്നലെ വരെ 38,300 സൈറ്റുകൾ പുറത്തിറക്കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂൺ മാസത്തോടെ 5ജി യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള സി-ഡോട്ടിന്റെയും ഐടി കമ്പനിയായ ടിസിഎസിന്റെയും കൺസോർഷ്യം വികസിപ്പിച്ചെടുത്ത 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്.















