പാലക്കാട്: നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി ദോഷം ചെയ്യുമെന്ന് കൽപ്പാത്തിയിലെ കോൺഗ്രസ് നേതാവ് വെങ്കിടേശ്വരൻ സി.ആർ ജനം ടിവിയോട് പറഞ്ഞു.
ജില്ലയിൽ നിന്നുള്ള നിരവധി പേരുകൾ തഴഞ്ഞാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും കഴിവുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും വെങ്കിടേശ്വരൻ പറഞ്ഞു. ജില്ലയിൽ നിന്നുള്ള 6,7 പേരുടെ പേരുകൾ നേതൃത്വത്തിന് നൽകിയതാണ്. താഴെക്കിടയിലും കഴിവുള്ളവരുണ്ട്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ ജില്ലയിലുണ്ട്. അവസരം നൽകിയാൽ മാത്രമേ അവർക്ക് ഉയർന്നു വരാൻ സാധിക്കുകയുള്ളൂ എന്നും വെങ്കിടേശ്വരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായത് മുതൽ പാലക്കാട് മണ്ഡലത്തിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരായിരുന്നു ഉയർന്നുവന്നിരുന്നത്. ആ സമയം മുതൽക്കേ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പാലക്കാട് നിന്നൊരാൾ തന്നെയാകണം ജനവിധി തേടേണ്ടത് എന്നതായിരുന്നു അവരുടെ അഭിപ്രായം. കോൺഗ്രസിന്റെ ഡിജിറ്റൽ സെൽ കൺവീനർ പി. സരിനെ മനസിൽ കണ്ട് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും ഈ അഭിപ്രായം മുന്നോട്ടുവച്ചിരുന്നു.
പത്തനംതിട്ടയിൽ നിന്നുള്ള രാഹുലിന് സ്വാധീനമില്ലെന്നും സംസ്ഥാന നേതാവെന്ന പരിവേശഷം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം കെപിസിസി നേതൃത്വത്തെ അറിയിച്ചതെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെസി വേണുഗോപാലിന്റെയും ഷാഫി പറമ്പിലിന്റെയും പിന്തുണയാണ് രാഹിലിനുള്ളത്.