ബെംഗളൂരു : മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി . പള്ളിയിൽ ‘ജയ് ശ്രീറാം’ വിളിച്ചെന്ന് ആരോപിച്ച് ഐപിസി സെക്ഷൻ 295 എ പ്രകാരം കുറ്റം ചുമത്തപ്പെട്ട രണ്ട് പേർക്കെതിരായ കേസും കോടതി റദ്ദാക്കി. ജയ് ശ്രീറാം വിളിക്കുന്നത് ഏത് വിഭാഗക്കാരുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോടതി വിലയിരുത്തി.
സംഭവവുമായി ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കെതിരെ തുടർനടപടികൾ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബറിൽ മസ്ജിദിനുള്ളിൽ കയറി “ജയ് ശ്രീറാം” എന്ന് വിളിച്ചുവെന്നാണ് കേസ്. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 447 (ക്രിമിനൽ അതിക്രമത്തിനുള്ള ശിക്ഷ), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശ്യം), 295 എ എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകളും ചുമത്തി.
എന്നാൽ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളെയോ അവരുടെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളെയാണ് വകുപ്പ് 295 എ കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാൽ അത് ആരുടെ മതവികാരത്തെ എങ്ങനെ പ്രകോപിപ്പിക്കുമെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി.















