വിവിധ സർക്കാർ, സ്വകാര്യ സേവനങ്ങളിൽ ഐഡൻ്റിറ്റി വെരിഫിക്കേഷനായി ഉപയോഗിക്കുന്നതാണ് ആധാർ. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി സർക്കാർ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണിത് നിയന്ത്രിക്കുന്നത്.
പേര്, ജനനത്തീയതി, മൊബൈൽ നമ്പർ , വിലാസം എന്നിവയുൾപ്പെടെയുള്ള ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എന്നാൽ എത്ര തവണ ഈ മാറ്റങ്ങൾ വരുത്താമെന്നതിന് യുഐഡിഎഐ പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾക്ക് എത്ര തവണ പേര് മാറ്റാമെന്ന് ചിന്തിച്ചിട്ടുണ്ടോ?
രണ്ടേ രണ്ട് പ്രാവശ്യം മാത്രമാണ് ആധാറിൽ പേര് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നത്. അസാധാരണമായ സന്ദർഭങ്ങളിൽ, പ്രത്യേക അഭ്യർത്ഥന പ്രകാരം യുഐഡിഎഐ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കാം. സ്പെല്ലിംഗ് തിരുത്തലുകൾ ,പേരിന്റെ ക്രമം പുനഃക്രമീകരിക്കൽ, ഒരു ഹ്രസ്വരൂപം പൂർണ്ണരൂപത്തിലേക്ക് മാറ്റുക, അല്ലെങ്കിൽ വിവാഹശേഷം പേരുമാറ്റം എന്നിങ്ങനെയുള്ള ചെറിയ മാറ്റങ്ങൾക്കായി ആധാർ ഉടമകൾക്ക് പേര് തിരുത്താൻ അഭ്യർത്ഥിക്കാം.
നിലവിൽ, പേര് മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചില അപ്‌ഡേറ്റുകൾ ഓഫ്‌ലൈൻ വഴിയാണ് ചെയ്യുന്നത്. അപേക്ഷയും യഥാർത്ഥ പേര് വ്യക്തമാക്കുന്ന രേഖയും സഹിതം ആധാർ സേവാ കേന്ദ്രങ്ങളിലോ അക്ഷയ കേന്ദ്രങ്ങളിലോ എത്തിയാണ് ഇത് ചെയ്യേണ്ടത്.
പേര്, ജനനത്തീയതി, ലിംഗഭേദം, ബയോമെട്രിക് ഡാറ്റ (വിരലടയാളം, ഐറിസ് സ്കാൻ), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ പോലുള്ള വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആധാർ സേവാ കേന്ദ്രമോ എൻറോൾമെൻ്റ് സെൻ്ററോ സന്ദർശിക്കണം.















