ബെയ്ജിങ്: ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ഇറക്കാൻ ചൈന എപ്പോഴും മുൻപന്തിയിലാണ്. ഇത്തവണ ചൈനയിലെ അക്വേറിയത്തിലെത്തിയ ഒരുലക്ഷത്തിലധികം പേരാണ് തട്ടിപ്പിനിരയായത്. ഷെൻഷനിലെ ഷിയോമീഷ സീ വേൾഡ് എന്ന ചൈനീസ് അക്വേറിയത്തിലാണ് സംഭവം. അക്വേറിയത്തിലെ പ്രധാന ആകര്ഷണമായിരുന്നു തിമിംഗല സ്രാവ്. ഇത് റോബോട്ടിക് ആയിരുന്നുവെന്ന സത്യം ആളുകൾ അടുത്തിടെയാണ് തിരിച്ചറിയുന്നത്.
അഞ്ചുവർഷത്തെ നവീകരണത്തിന് ശേഷം വീണ്ടും തുറന്ന പാർക്കിൽ തിമിംഗല സ്രാവിനെ നേരിട്ട് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഒക്ടോബർ 1 ന് തുറന്ന പാർക്കിൽ ഒരാഴ്ച കൊണ്ട് ഏകദേശം ഒരു ലക്ഷം സന്ദർശകരാണ് എത്തിയത്. സന്ദർശകർ പങ്കിട്ട തിമിംഗല സ്രാവിന്റെ ചിത്രങ്ങൾ സൂഷ്മമായി പരിശോധിച്ചവരാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്. ചിത്രത്തിലെ സ്രാവിന്റെ ശരീരത്തിൽ വലിയ വിടവുകൾ ദൃശ്യമായിരുന്നു. ഇതോടെ അക്വേറിയത്തിനെതിരെ പലരും വിമർശനവുമായി രംഗത്തെത്തി.
തിമിംഗല സ്രാവിനെ കാണാൻ ഉയർന്ന പ്രവേശന ഫീസാണ് അക്വേറിയം ഈടാക്കിയിരുന്നത്. ആളൊന്നിന് 40 ഡോളർ എന്ന നിരക്കിലാണ് സന്ദർശകരിൽ നിന്നും വാങ്ങിയത്. ഇതാദ്യമായല്ല ചൈന ഇത്തരം പരീക്ഷണങ്ങൾക്ക് മുതിർന്ന് പഴി കേൾക്കുന്നത്. മുൻപ് മൃഗശാലയിലെ നായ്‌ക്കളെ ചായം പൂശി പാണ്ടകളാക്കി മാറ്റിയതും കൃത്രിമ വെള്ളച്ചാട്ടം സൃഷ്ടിച്ച് ആളുകളെ പറ്റിച്ചതുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.















