കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിൽ മനം നൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന് ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ നോട്ടീസും അയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കി ചിത്രീകരിച്ചുവെന്നാണ് പരാതി.
നവംബർ 19 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അവഹേളനത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കിയത്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് സ്വദേശമായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനത്തിലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്.
സിപിഎം നേതാവ് കൂടിയായ ദിവ്യയ്ക്കെതിരെ ശക്തമായ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎം അഴിമതി നടത്തിയെന്ന് ആയിരുന്നു പിപി ദിവ്യയുടെ ആരോപണം. ഇതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന നവീൻ ബാബു താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു.