ന്യൂഡൽഹി: ഡിയർനസ് അലവൻസ് (ഡിഎ – ക്ഷാമബത്ത) 3% വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മൂന്ന് ശതമാനം കൂടി ഉയർത്തിയതോടെ സർക്കാർ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53% ആയി മൊത്തം ഡിഎ വർദ്ധിച്ചു. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ വർദ്ധിത ഡിഎ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത വർദ്ധന നിർണയിക്കുന്നത്.
നിലവിൽ 22,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരന് പ്രതിമാസ ഡിഎ 660 രൂപ കൂടി ലഭിക്കും. അതായത്, മൊത്തം ഡിഎ 11,660 രൂപയായി ഉയരുന്നതാണ്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടാൻ സർക്കാർ ജീവനക്കാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി. ഉത്സവ സീസണിന് മുന്നോടിയായുള്ള നീക്കം കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമായാണ് കണക്കാക്കുന്നത്.