ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം (സക്രിയ സദസ്യ) പുതുക്കിയത്. വികസിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് ആക്കം കൂട്ടുമെന്നും ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.
നിയമസഭാ മണ്ഡലത്തിലോ ബൂത്തിലോ 50 അംഗങ്ങളെ ചേർക്കുന്നവർക്കാണ് സജീവ അംഗത്വം ലഭിക്കുക. മണ്ഡലം കമ്മിറ്റികളിലേക്കും അതിന് മുകളിലുളള പാർട്ടി സമിതികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് മത്സരിക്കാനും അർഹതയുണ്ടാകും. സജീവ അംഗത്വം നേടിയവർക്ക് പാർട്ടിക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനുളള അവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ വ്യക്തമാക്കി. പാർട്ടിയെ അടിസ്ഥാനതലത്തിൽ ഒന്നുകൂടി ശക്തിപ്പെടുത്തുന്ന നീക്കമാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല, രാഷ്‌ട്രപുരോഗതിയിൽ പാർട്ടി കാര്യകർത്താക്കളുടെ കാര്യക്ഷമമായ സംഭാവനകൾ ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adding momentum to our endeavour of making a Viksit Bharat!
As a @BJP4India Karyakarta, proud to become the first Sakriya Sadasya and launch the Sakriya Sadasyata Abhiyan today in the presence of our national President, Shri @JPNadda Ji. This is a movement which will further… pic.twitter.com/lPzclMn3Ij
— Narendra Modi (@narendramodi) October 16, 2024
സെപ്തംബർ 2-നാണ് ആദ്യ അംഗത്വം സ്വീകരിച്ച് ബിജെപി അംഗത്വ ക്യാമ്പെയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ജെപി നദ്ദയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി അംഗത്വം പുതുക്കിയത് കാമ്പെയിന്റെ ആദ്യ ദിനം 47 ലക്ഷം പേർ അംഗത്വം നേടാനായി രജിസ്റ്റർ ചെയ്തിരുന്നു. സെപ്തംബർ 2 മുതൽ 25 വരെയുള്ള ആദ്യഘട്ടത്തിൽ മാത്രം 6 കോടിയിലധികം അംഗങ്ങളാണ് ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും മാത്രം ഒരു കോടിയിലധികം ആളുകൾ വീതം ഒന്നാം ഘട്ടത്തിൽ പാർട്ടിയിലെത്തിയെന്നാണ് വിലയിരുത്തൽ.















