ഡെറാഡൂൺ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ചരിച്ച ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, ഉത്തരാഖണ്ഡ് അഡിഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ വിജയ് കുമാർ ജോഗ്ദണ്ഡേ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് ഹെലികോപ്റ്റർ പിത്തോർഗഡിലെ മുൻസിയരി മേഖലയിൽ ലാൻഡ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ഉത്തരാഖണ്ഡിലെ ആദി കൈലാസത്തിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മഹാരാഷ്‌ട്രയിലെയും ഝാർഖണ്ഡിലേയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ നവംബർ 20 ന് ഒരു ഘട്ടമായും ഝാർഖണ്ഡിൽ നവംബർ 13,20 തീയതികളിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.















