ആലപ്പുഴ: തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് 4 മണിയോടെ 150 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഇതുവരെയും കടൽ പൂർവ്വ സ്ഥിതിയിലേക്കെത്തിയില്ല. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നായിരിക്കാം കടൽ ഉൾവലിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തീരദേശവാസികൾ മാറി താമസിക്കണമെന്നും അധികൃതർ നിർദേശം നൽകി.
തീരദേശ മേഖലകളിൽ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സമുദ്രപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം ആലപ്പുഴയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയതിനാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ രാത്രിയോടെ വെള്ളം കയറിയത്.















