ഒട്ടാവ: കനേഡിയൻ ബ്രോഡ്കാസ്റ്ററായ സിബിസി ന്യൂസിൽ പ്രത്യക്ഷപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഭീകരന്റെ വെളിപ്പെടുത്തൽ.
ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ച ‘ഇന്ത്യൻ ഏജന്റുമാർക്ക്’ ആവശ്യമായ ലോജിസ്റ്റിക്, ഇന്റലിജൻസ് പിന്തുണ നൽകിയത് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ സഞ്ജയ് വർമയാണെന്ന് കനേഡിയൻ പ്രധാനമന്ത്രിയെ അറിയിച്ചത് സിഖ് ഫോർ ജസ്റ്റിസ് ആണെന്നാണ് പന്നൂൻ അവകാശപ്പെടുന്നത്. “നീതിക്കായും നിയമവാഴ്ചയ്‌ക്കായും ദേശീയ സുരക്ഷയ്‌ക്കും വേണ്ടിയുള്ള കാനഡയുടെ അചഞ്ചലമായ പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയാണ് ട്രൂഡോയുടേത്. കഴിഞ്ഞ് മൂന്ന് വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി സിഖ് ഫോർ ജസ്റ്റിസ് നിരന്തരം ബന്ധപ്പെടുന്നുണ്ട്, എല്ലാ ചാരശൃംഖലകളെക്കുറിച്ചും ഞങ്ങൾ വിവരം കൈമാറുന്നുണ്ട്”- പന്നൂൻ പറഞ്ഞു.
ഇന്ത്യയിൽ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ മേധാവിയായ പന്നൂൻ ഏറെ കാലമായി കാനഡയിൽ ഒളിച്ചുതാമസിക്കുകയാണ്. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ കുടപിടിക്കുകയാണെന്നും മതതീവ്രവാദികൾക്ക് മുൻപിൽ കനേഡിയൻ ഭരണകൂടം കീഴടങ്ങിയെന്നുമുള്ള ഇന്ത്യയുടെ വിമർശനത്തെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ഖലിസ്ഥാൻ ഭീകരൻ പന്നൂൻ ഇപ്പോൾ നടത്തിയിരിക്കുന്നത്. കാനഡയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു,.