ഒട്ടാവ: ഇന്ത്യയിലെ നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് (SFJ )കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ മൂന്ന് വർഷമായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ വിവരങ്ങൾ കൈമാറിയതായും ഗുർപത്വന്ത് പറഞ്ഞു. കനേഡിയൻ വാർത്ത ചാനലായ സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഇന്ത്യൻ ഹൈക്കമ്മീഷനിലെ ചാരശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് നൽകിയെന്നാണ് ഭീകരൻ ഗുർപത്വന്ത് സിംഗ് അവകാശപ്പെടുന്നത്. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെയുള്ളവർക്കെതിരെ കാനഡ ആരോപണമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളായത്.
തുടർന്ന് കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു. കാനഡ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. പിന്നാലെ 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കി. ഇന്ത്യയുടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കാനഡയുടെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ആണ് ഉന്നയിച്ചതെന്നും തെളിവുകൾ ഒന്നും കൈമാറിയിരുന്നില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ സമ്മതിച്ചിരുന്നു.