ഡെറാഡൂൺ: ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറക്കി.
ഹോട്ടൽ, ധാബ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനും അടുക്കളകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുമുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും അതിലുണ്ട്. ഇത്തരം സംഭവങ്ങളെ ‘ സ്പിറ്റ് ജിഹാദ് ‘ എന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.
വരാനിരിക്കുന്ന ഉത്സവ സീസണിൽ ഭക്ഷണത്തിന്റെ സുരക്ഷയ്‌ക്കും, ശുദ്ധിയ്‌ക്കുമാണ് തന്റെ സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് ആരോഗ്യമന്ത്രി ധൻ സിംഗ് റാവത്ത് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്നും റാവത്ത് പറഞ്ഞു.
ഇത് സംബന്ധിച്ച് ഡിജിപി അഭിനവ് കുമാർ ജില്ലാ പോലീസ് മേധാവികൾക്കും മാർഗ്ഗനിർദ്ദേശം നൽകി.കിയോസ്കുകൾ, ഉന്തുവണ്ടികൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായം തേടാമെന്നാണ് ജില്ലാ പൊലീസിന് നൽകിയ മാർഗനിർദേശം.
പട്രോളിംഗ് സമയത്ത് ഇതും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.വ്യവസ്ഥകൾ അനുസരിച്ച് ഹോട്ടലുകളിലും ധാബകളിലും പരിശോധനയ്‌ക്കായി പോലീസിന് ആരോഗ്യ-ഭക്ഷ്യ വകുപ്പിന്റെ സഹായം തേടാം.ആരോഗ്യ സെക്രട്ടറിയും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് കമ്മീഷണറുമായ ആർ രാജേഷ് കുമാറും വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പുറപ്പെടുവിച്ചു. ഇത് കുറ്റക്കാർക്കെതിരെ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി നിർബന്ധമാക്കുന്നു.















