പത്തനംതിട്ട കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന എഡിഎം കെ. നവീൻ ബാബു ചേതനയറ്റ് കളക്ടറേറ്റ് മുറ്റത്തെത്തിയതിന്റെ ഞെട്ടലും തരിപ്പും ഇപ്പോഴും സഹപ്രവർത്തകർക്കും വേണ്ടപ്പെട്ടവർക്കും വിട്ടുമാറിയിട്ടില്ല. പൂച്ചെണ്ടുമായി സ്വീകരണമേറ്റു വാങ്ങേണ്ടിയിരുന്ന നവീന് മരവിച്ച ശരീരവുമായി കിടക്കുകയാണ്. ആ കാഴ്ച കണ്ട് ദിവ്യ എസ്. അയ്യർ ഐഎഎസിന്റെ നെഞ്ചുപിടിയുകയാണ്. കൂടെ പ്രവർത്തിച്ചിരുന്ന ഓർമകളാണ് ഇപ്പോഴും മനസിലെന്ന് കളക്ടറേറ്റിലെത്തിയതിന് പിന്നാലെ അവർ പ്രതികരിച്ചു.
നിറകണ്ണുകളോടെ ‘ഒരു പാവത്താനാ..’ എന്നുമാത്രമാണ് പത്തനംതിട്ട മുൻ കളക്ടർ കൂടിയായ ദിവ്യ എസ്. അയ്യർ ഐഎഎസിന് പറയാനുള്ളത്. വളരെ ആത്മാർത്ഥയോട് കൂടി പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു. എപ്പോഴും ചെറുചിരിയോടെ മാത്രം കണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് നോക്കി വഴക്ക് പറയാൻ പോലും തോന്നിയിട്ടില്ല. ഒരാളെ പോലും കുത്തി നോവിക്കാൻ സാധിക്കാത്ത, മുഖം കറുപ്പിക്കാത്ത ഒരാളാണ് നവീൻ. അങ്ങനെയുള്ള ഒരാളെ ഇങ്ങനെ കാണാൻ സാധിക്കുന്നില്ലെന്നും സഹിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
ശബരിമല, പ്രളയം, കൊവിഡ് എന്ന് തുടങ്ങി പ്രധാനമായ പ്രതിസന്ധികളെ ഒന്നിച്ച് നിന്നാണ് തരണം ചെയ്തിട്ടുള്ളത്. മന്ത്രിയും എംഎൽഎയും തഹസിൽദാരുമൊക്കെ ഒറ്റക്കെട്ടായി ഒരു കുടുംബവുമായി ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. ഒരുമിച്ച് ചപ്പാത്തി കഴിച്ച കാര്യം തുടങ്ങി വളരെ ചെറിയ കാര്യങ്ങൾ പോലും ഓർമയിലുണ്ട്. രാവും പകലും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് ഓടിനടന്ന് നാട്ടുകാർക്ക് ഭക്ഷണം എത്തിക്കാനും അവർക്കായി ആത്മാർത്ഥമായി എന്തും ചെയ്യാനും മുൻപന്തിയിൽ നിന്നിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും അവർ ഓർത്തു. ദജവ്യ എസ്. അയ്യർ ഐഎഎസ് പത്തനംതിട്ട കളക്ടറായിരുന്ന സമയത്ത് റാന്നി തഹസിൽദാരായിരുന്നു കെ. നവീൻ ബാബു.
കാസർകോട്ടേക്ക് പോകുന്നതിന് മുൻപാണ് അവസാനമായി കാണുന്നതെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറായിട്ട് പ്രമോഷൻ ലഭിച്ചെന്നും കാസർകോട്ടെയ്‌ക്ക് പോകുകയാണെന്നും വളരെ സന്തോഷത്തോടെ പറഞ്ഞാണ് പോയത്. അതായിരുന്നു അവസാന കൂടിക്കാഴ്ച. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു നവീൻ. എനിക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് പറഞ്ഞ് കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്താണ് പോയതെന്നും ദിവ്യ എസ്. അയ്യർ ഓർമ്മിച്ചു. അതിനുശേഷം കണ്ടിട്ടില്ല. വീണ്ടും അതേ കളക്ടറേറ്റിൽ ചേതനയറ്റ് കാണേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഈറനണിഞ്ഞ മിഴികളോടെ അവർ പറഞ്ഞു.
നേരത്തെ നവീൻ ബാബു ജീവനൊടുക്കിയ വാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പും മുൻ കളക്ടർ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പ്രവർത്തനമികവിനെ കുറിച്ചുമായിരുന്നു കുറിപ്പ്.