പാലക്കാട് : കോൺഗ്രസിന്റെ കേരളത്തിലെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു ഡോക്ടർ പി സരിൻ. വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശനെതിരെ കടുത്ത ആരോപണങ്ങളാണ് സരിന്‍ ഉന്നയിച്ചത് . പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഗുണഭോക്താവ് ബിജെപി ആയിരിക്കുമെന്നും പി സരിൻ പറഞ്ഞു.
വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നും രാഹുല്‍ തന്നെ വിളിച്ച് ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്നും സരിന്‍ പറഞ്ഞു.
“കോൺഗ്രസ് പാർട്ടിക്ക് അകത്ത് പരാതി പറയാനുള്ള ഫോറങ്ങൾ ഇല്ല. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചയല്ല ഇത്.കോൺഗ്രസിന്റെ രാഷ്‌ട്രീയ അധപതനത്തിന് ഉത്തരവാദി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. സതീശൻ. പാർട്ടിയെ ഹൈജാക്ക് ചെയ്ത് ഇല്ലാതാക്കി . ഇന്നലെ ആരോപണം ഉന്നയിച്ചപ്പോഴാണ് ആദ്യമായി സതീശൻ തന്നോട് സംസാരിച്ചത്”. പി സരിൻ പറഞ്ഞു
“പരസ്പര ബഹുമാനമില്ലാതെ ഉടമയും അടിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്.ഞാനാണ് രാജ്യം എന്ന് പണ്ട് വിളിച്ച് പറഞ്ഞ ചക്രവർത്തിമാർ പണ്ട് ഉണ്ടായിരുന്നു. അതേ പോലെ കോൺഗ്രസിനെ മാറ്റി എടുക്കുകയാണ് സതീശൻ. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല.”
“2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സതീശൻ കോൺഗ്രസിന്റെ മുന്നണിയിലേക്ക് എത്തിയത് അട്ടിമറി നീക്കത്തിലൂടെയാണ് .
പ്രതിപക്ഷ സ്ഥാനത്ത് വി.ഡി. സതീശന്‍ എത്തിയതിലെ പിന്നാമ്പുറ കഥകള്‍ എല്ലാവരും അറിയണം. അതൊരു അട്ടിമറിയായിരുന്നു. അതില്‍ അസ്വാഭാവികത ഉണ്ട് എന്നറിഞ്ഞിട്ടും ആരും അന്വേഷിച്ച് പോയില്ല. ആ കഥകള്‍ പൊടിതട്ടിയെടുക്കണം.”സരിൻ ആരോപിച്ചു.
” വടകര സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി ഏത് നിമിഷവും പിടിച്ചെടുക്കാവുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയെ മത്സരിപ്പിച്ചത് എന്തിനാണ്.? സതീശന്റെ അട്ടിമറി നീക്കമാണ് പാലക്കാടിനെ ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. ഗുണഭോക്താവ് ബിജെപി ആവും എന്ന് അറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് വിളിച്ച് വരുത്തി. സതീശൻ മാത്രമല്ല കോൺഗ്രസിൽ മൂവർ സംഘം കൊട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കുന്നു. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽഎന്നിവരാണ് ആ മൂവർ സംഘം.ആ സംഘത്തിന്റെ തലവനാണ് സതീശൻ.” സരിൻ പറഞ്ഞു.
“രാഹുൽ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. താക്കീത് എന്നും പറയും. വളർന്ന് വരുന്ന കുട്ടി വി.ഡി.സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ധിക്കാരവും അഹങ്കാരവും നിറഞ്ഞ വ്യക്തി. ലീഡറേയും കല്യാണ കുട്ടി അമ്മയേയും രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചതിന്റെ മറുപടി തെരഞ്ഞെടുപ്പിൽ ഉണ്ടാവും.” സരിൻ പ്രസ്താവിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും സരിൻ ആഞ്ഞടിച്ചു.
“ഉമ്മൻ ചാണ്ടിയുടെ കല്ലറ തെരഞ്ഞെടുപ്പ് വരുമ്പോൾ ക്യാമറയുടെ മുന്നിലല്ല പോയി കാണേണ്ടത്. പ്രാർത്ഥിക്കേണ്ടത് ആരെയും അറിയിച്ചല്ല.ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആരും അറിയാതെ പോയി പ്രാര്‍ഥിച്ച് വന്നയാളാണ് ഞാന്‍. ക്യാമറയുടെ മുന്നില്‍ അല്ല ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്.കോൺഗ്രസിലെ മണിയടി രാഷ്‌ട്രീയത്തിന്റെ വക്താവാണ് രാഹുൽ .വടകരയിലെ ലോഞ്ച് ഇവെൻ്റാണ് രാഹുൽ പാലക്കാടും നടത്താൻ പോവുന്നത്.ഷാഫി വടകരയിൽ പോയപ്പോൾ തന്നെ രാഹുൽ പാലക്കാട് എം എൽ എ ഓഫീസ് ആരംഭിച്ചു.രാഹുലിന് പാലക്കാട്ടുകാരെ അറിയില്ല. പാലക്കാട്ട്കാർ ഷോ ഓഫ് കാരെ സഹിക്കില്ല. കോൺഗ്രസുകാർ പ്രതികരിക്കും. പാലക്കാട് ഹരിയാന മോഡൽ ആവർത്തിക്കും.” സരിൻ പറഞ്ഞു.
ഷാഫി പറമ്പിൽ കാപട്യക്കാരനാണ് എന്നും സരിൻ പ്രസ്താവിച്ചു.
“പാർട്ടിയാണ് എല്ലാം എന്ന് ഷാഫി പറയുന്നത് കപടത. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന് പറയുന്ന ഷാഫിക്ക് ആ വാക്ക് ഉച്ചരിക്കാൻ യോഗ്യതയില്ല.രാഹുലിന് സിപിഎം വോട്ട് കിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രാഹുലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ഷാഫി നിർബന്ധിച്ച് കൊണ്ട് വന്ന് നിർത്തിയത് ആരുമായി ഡീൽ ഉണ്ടാക്കി എന്ന് വ്യക്തമാക്കണം.പാലക്കാട് പിൻഗാമിയെ അവരോധിക്കുന്ന തിരക്കിൽ ഷാഫി വടകര ശ്രദ്ധിക്കുന്നില്ല.വടകരയിലെ വോട്ടർ തന്നെ ഫോണിൽ ബന്ധപ്പെട്ടു” സരിൻ പറഞ്ഞു.















