കേരള രാഷ്‌ട്രീയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചയാകുന്ന പേരാണ് ഡോ. പി. സരിൻ. വിദ്യാഭ്യാസ സമ്പന്നൻ, സിവിൽ സർവീസിൽ നിന്ന് രാഷ്‌ട്രീയവഴി തേടിയ ചെറുപ്പക്കാരൻ, യുവത്വത്തിന്റെ ചടുലതയുമുള്ള കോൺഗ്രസുകാരൻ.. ഒടുവിൽ പാർട്ടിയിൽ വലിയൊരു പൊട്ടിത്തെറിക്ക് തുടക്കമിട്ടപ്പോഴും പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയെന്ന് പുകഴ്‌ത്തിയ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ സർക്കാസമാണോ ഉദ്ദേശിച്ചതെന്ന കൺഫ്യൂഷനിലാണ് സാധാരണക്കാർ. കാരണം, സിപിഎമ്മിനെ നഖശിഖാന്തം വിമർശിച്ചിരുന്ന പി. സരിൻ, ഒരൊറ്റ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ മറുകണ്ടം ചാടിയെന്നത് വീരപരിവേഷത്തോടെ നോക്കിക്കാണുന്ന ഇടതുപക്ഷവും പരിഹാസ്യത്തോട വിലയിരുത്തുന്ന മറ്റൊരു വിഭാഗവുമാണ് ഇന്നുള്ളത്. തന്നെയൊന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ട് വേണം ഇടതുപക്ഷത്തെ നെഞ്ചോട് ചേർക്കാൻ എന്ന ലൈനിലായിരുന്നു സരിന്റെ വാർത്താസമ്മേളനങ്ങളെല്ലാം. ബിജെപിയെ ആവർത്തിച്ച് കുറ്റപ്പെടുത്തുമ്പോഴും കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്‌ത്താൻ സരിൻ മറന്നില്ല. സ്വന്തം പാർട്ടിയിലെ പുഴുക്കുത്തുകളെ വിളിച്ചുപറയുന്നതിനൊപ്പം 1ഃ1 എന്ന അനുപാതത്തിൽ ഇടതുപക്ഷത്തെ സോപ്പിടുന്ന പ്രസ്താവനകൾ സരിൻ നടത്തിയിരുന്നു.
സിപിഎം സ്ഥാനാർത്ഥിയായി ‘കുറ്റിച്ചൂലിനെ’ നിർത്തിയാൽ പോലും ആളുകൾ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന പഴഞ്ചൊല്ലിനെ ഇടതുപക്ഷത്തിന് വേണ്ടി ഗ്ലോറിഫൈ ചെയ്ത ആദ്യ കോൺഗ്രസുകാരനായി സരിൻ മാറുന്ന കാഴ്ചയാണ് വാർത്താസമ്മേളനത്തിൽ കണ്ടത്. സംഘടനയുടെ കെട്ടുറപ്പ്, ഉൾപ്പാർട്ടി ജനാധിപത്യം, രാഷ്‌ട്രീയരീതികൾ തുടങ്ങി ഇടതുപക്ഷത്തിൽ സരിൻ കണ്ട ഗുണഗണങ്ങൾ അനവധിയായിരുന്നു. സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും ആളുകൾ വിജയിപ്പിക്കുന്നത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മേന്മയാണെന്നും സരിൻ വാദിച്ചു. ഇന്നലെ വരെ കുറ്റപ്പെടുത്തിയിരുന്ന കാര്യങ്ങൾ, സവിശേഷതകളായി മാറിയത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെയായിരുന്നുവെന്നത് ശ്രദ്ധേയം.
ഷാഫി പറമ്പിലിന്റെ പിൻഗാമിയെന്നോണം രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് കളത്തിലിറക്കിയതോടെയായിരുന്നു കോൺഗ്രസിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യം സരിന്റെ തലച്ചോറിൽ രൂപപ്പെട്ടത്. അത്രയും നാൾ കോൺഗ്രസ് പാർട്ടിയും കോൺഗ്രസ് നേതാക്കളും ഇന്ത്യ കണ്ട ഏറ്റവും മികച്ചതായിരുന്നു. സ്വന്തം പാർട്ടിയെ നന്നാക്കുകയെന്ന സുദ്ദേശ്യത്തേക്കാളുപരി എംഎൽഎ സീറ്റ് നേടിയെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇടതുപക്ഷത്തേക്കുള്ള ചാട്ടത്തിലൂടെ സരിൻ തെളിയിച്ചുകഴിഞ്ഞു. കോൺഗ്രസിനെ കുറ്റപ്പെടുത്തുമ്പോഴും അതേ അളവിൽ ഇടതുപക്ഷത്തെ പുകഴ്‌ത്താൻ സരിൻ കാണിച്ച ആ മനസാണ് രാഷ്‌ട്രീയ കേരളം ഇന്ന് വിലയിരുത്തുന്നത്. കണ്ണൂരിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യയെ വിമർശിച്ചുകൊണ്ട് മലയാളിസമൂഹം ഒന്നടങ്കം രംഗത്തെത്തുന്ന ഈ സാഹചര്യത്തിൽ തന്നെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയരീതികളെ പുകഴ്‌ത്തിപ്പാടാൻ സരിൻ കാണിച്ച ‘ചങ്കൂറ്റ’ത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം ‘പ്രത്യയശാസ്ത്ര ക്ലാരിറ്റി’യെന്ന്..