പത്തനംതിട്ട: കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കെത്തി ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം സ്വസ്ഥമായി ജീവിക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി എഡിഎം നവീൻ ബാബു യാത്രയായി. സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും വർഷങ്ങൾ ബാക്കി നിൽക്കെയാണ് ഉള്ളിൽ തറച്ച ആരോപണങ്ങൾ ഏറ്റുവാങ്ങി ജീവിതത്തിൽ നിന്നും അദ്ദേഹം വിരമിച്ചത്.
മൂന്ന് മണിയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മക്കളായ നിരഞ്ജനയും നിരൂപമയും പിതാവിനായി അന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയ്‌ക്ക് തീ കൊളുത്തി.
പത്തനംതിട്ടയിലേക്ക് സ്ഥലം മാറി എത്തുന്ന നവീനെ സ്വീകരിക്കാൻ സഹപ്രവർത്തകർ വാങ്ങിയ മാലയും പൂച്ചെണ്ടുകളുമെല്ലാം മൃതദേഹത്തിനൊപ്പം കത്തിയമർന്നു. ബന്ധുക്കൾക്കൊപ്പം മൃതദേഹം ചിതയിലേക്ക് വയ്‌ക്കാൻ മന്ത്രി കെ രാജനുമുണ്ടായിരുന്നു.
11.30- നാണ് മൃതദേഹം നവീൻ ബാബുവിന്റെ വീട്ടിലെത്തിച്ചത്. രാവിലെ കളക്ടറേറ്റിൽ പൊതുദർശനം ഏർപ്പെടുത്തിയിരുന്നു. കളക്ടർ ദിവ്യ എസ് അയ്യർ, പി ബി നൂഹ് തുടങ്ങിയവർ നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി. മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ നവീൻ ബാബുവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.