നവി മുംബൈ പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഗൂഢാലോചന നടത്തിയതിന്റെയും തയാറാക്കിയ പദ്ധതിയുടെയും വിവരങ്ങളാണ് ചാർജ്ഷീറ്റിലുള്ളത്. പൻവേൽ ഫാം ഹൗസിന് സമീപത്തുവച്ച് താരത്തെ കൊല്ലനായിരുന്നു പദ്ധതി. അഞ്ചുപേരെ ബന്ധിപ്പിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. 25 ലക്ഷമായിരുന്നു കരാർ നൽകിയിരുന്നത്.
പാെലീസ് ചാർജ് ഷീറ്റ് പ്രകാരം പാകിസ്താനിൽ നിന്നെത്തിയ എ.കെ 47, എ.കെ-92, എം 16 റൈഫിളുകളും ടർക്കിഷ് മോഡൽ സിഗാന പിസ്റ്റലുമാണ് ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. ഗൂഢാലോചനക്കാർ കൃത്യം നിർവഹിക്കാൻ പ്രായപൂർത്തിയായവരെ നിയോഗിച്ചു. ഇവർ വിവിധ ഇടങ്ങളിൽ ഒളിവിലാണ്. സൽമാനെ കൊലപ്പെടുത്താനും സമാന ആയുധങ്ങൾ വാങ്ങാനായിരുന്നു അഞ്ചംഗ സംഘത്തിന്റെ പദ്ധതി. ജയിലുള്ള ലോറൻസ് ബിഷ്ണോയിയാണ് കരാർ നൽകിയത്. അതേസമയം സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 60-70 പേരെ ചുമതലപ്പെടുത്തിയിരുന്നു.
ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയും പൻവേൽ ഫാം ഹൗസും ഗൊർഗോൺ ഫിലിം സിറ്റിയും ഇവരുടെ റഡാറിലായിരുന്നു. 2023 ഓഗസ്റ്റിലും 2024 ഏപ്രിലിലും സംഘം സൽമാനെ വകവരുത്താൻ ലക്ഷ്യമാക്കിയിരുന്നു. സൽമാന്റെ വസതിയിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പാനിപത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ലോറൻസ് ബിഷ്ണോയ് ഗ്യാങിലെ അംഗമാണ്. ഇയാളിൽ നിന്നാണ് ഗൂഢാലോചനയുടെ കുടുതൽ വിവരങ്ങൾ ലഭ്യമായത്.