ഡിസ്പൂർ: അഗർത്തല ലോക്മാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തിൽ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റിയതായി അസം റെയിൽവേ വക്താവ് അറിയിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.
ലുംഡിംഗ് ഡിവിഷനും ബർദാർപൂർ ഹിൽ സെക്ഷനുമിടയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു കോച്ചുകൾ പാളം തെറ്റിയത്. പവർ കാറും എഞ്ചിനും ഉൾപ്പെടെയുള്ള കോച്ചുകളാണ് വേർപ്പെട്ടത്. യാത്രക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ലുംഡിംഗ് ബർദാർപൂർ സിംഗിൾ ലൈൻ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ സർവീസ് താത്കാലികമായി റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പിന്നിൽ അട്ടിമറി ഉൾപ്പെടെ സംശയിക്കുന്നുണ്ടെന്നും ട്രെയിൻ പാളം തെറ്റിയ ഭാഗം പൊലീസ് പരിശോധിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു.















