ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വഷളാക്കിയ ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ള പലരും കാനഡയിലുണ്ടെന്നും ഇവരെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിൽ കാനഡ വിമുഖത കാണിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കാനഡയിൽ സുരക്ഷിതരായി കഴിയുന്ന ബിഷ്ണോയി സംഘാംഗങ്ങൾ ഇപ്പോൾ അവിടെ കുറ്റകൃത്യങ്ങളിൽ വ്യാപൃതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയിലുള്ള ബിഷ്ണോയി സംഘത്തിൽ ഉൾപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുകയാണ്. എന്നാൽ കാനഡ ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാനഡയിൽ ഇപ്പോൾ ബിഷ്ണോയി സംഘത്തിന്റെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നിട്ട് അവർ എപ്പോഴും ഇന്ത്യയെയാണ് കുറ്റപ്പെടുത്തുന്നതെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
2023 സെപ്റ്റംബർ മുതലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീഴാൻ തുടങ്ങിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരസ്യ ആരോപണം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവക്കുകയായിരുന്നു.
നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്‌ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇന്ത്യയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവുകളും കാനഡ നൽകിയിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് കാനഡ നടത്തുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്നും അദ്ദേഹം തുറന്നടിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തെളിവുകൾ നിരത്താൻ കനേഡിയൻ പ്രധാനമന്ത്രിയോട് ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വസ്തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ഇത് ഇന്ത്യയ്‌ക്ക് നൽകിയിട്ടുണ്ടെന്നും അടുത്തിടെ നടന്ന പൊതുപരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണർ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, ഇന്ത്യയ്‌ക്ക് തെളിവുകളൊന്നും നൽകിയിട്ടില്ലെന്ന് ട്രൂഡോ പിന്നീട് വ്യക്തമാക്കി.