ചണ്ഡീഗഡിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിന്റെ വശങ്ങളെ കുറിച്ചും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേശീയ പുരോഗതി കൈവരിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും ശാക്തീകരിക്കുന്നതിലും എൻഡിഎ സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം സംഘടിപ്പിച്ചത്. 17 മുഖ്യമന്ത്രിമാരും 18 ഉപമുഖ്യമന്ത്രിമാരുമാണ് യോഗത്തിന്റെ ഭാഗമായത്. ഭരണത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ജനങ്ങൾക്ക് അനുകൂലമാകുംവിധത്തിൽ സദ്ഭരണം കാഴ്ചവയ്‌ക്കാൻ സാധിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ആറ് നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് പാസാക്കി.
തുടർച്ചയായ രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സമ്മേളനം ആരംഭിച്ചത്. മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലുമായി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എൻഡിഎ മുഖ്യമന്ത്രിമാരുടെ കൗൺസിൽ യോഗം സംഘടിപ്പിച്ചത്. അരയും തലയും മുരുക്കിയാണ് തെരഞ്ഞെടുപ്പിനെ എൻഡിഎ സഖ്യം നേരിടാനൊരുങ്ങുന്നത്.