ന്യൂയോർക്ക്: ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതിലൂടെ നീതി ലഭിച്ചുവെന്ന പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രായേലിന് ഹമാസ് ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതെയാകണമെന്നും കമലാ ഹാരിസ് പറയുന്നു. ” ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിരിക്കുകയാണ്. അതിലൂടെ നീതി നടപ്പാക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേൽ ജനതയ്‌ക്ക് ഇത് ആശ്വാസത്തിന്റെ ദിനമാണ്.
അയാളുടെ കൈകളിൽ രക്തം പുരണ്ടിരുന്നു. ഹമാസ് ഭീകരതയ്‌ക്ക് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇസ്രായേലിന് നേരെ ഒക്ടോബർ 7ന് ഏറ്റവും ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. അതിന്റെ സൂത്രധാരനായിരുന്നു സിൻവർ. ഇയാൾ ഉൾപ്പെടെ ഹമാസിന്റെ നേതാക്കളെ കണ്ടെത്തുന്നതിനായി അമേരിക്കയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യവുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്.
സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്ന അഭിപ്രായമാണ് ഇപ്പോഴും അമേരിക്കയ്‌ക്കുള്ളത്. അമേരിക്കൻ പൗരന്മാരെ കൊല്ലുകയോ, ഈ രാജ്യത്തെ ജനങ്ങളെയോ, സൈന്യത്തെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു തീവ്രവാദിയേയും നിയമത്തിന് മുന്നിൽ കൊണ്ടു വരികയോ ഇല്ലാതാക്കുകയോ ചെയ്യും. എത്ര സമയമെടുത്താലും തീവ്രവാദികൾക്ക് നീതിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനാകില്ല. ഹമാസിന്റെ നേതൃനിരയെ ഈ യുദ്ധത്തിലൂടെ പൂർണമായി ഇല്ലാതാക്കിയിരിക്കൊണ്ട് ഇത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ നമുക്കായി ലഭിച്ചിരിക്കുന്നത്. ഇസ്രായേൽ സുരക്ഷിതമായി മാറിക്കൊണ്ടിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ട എല്ലാവരേയും മോചിപ്പിക്കും. ഗാസയിലെ ജനങ്ങളുടെ ദുരിതവും അവസാനിക്കുമെന്നും” കമലാ ഹാരിസ് പറയുന്നു. വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ വധിച്ച കാര്യം ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് സ്ഥിരീകരിച്ചത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നീക്കമാണിതെന്ന് ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞിരുന്നു.















