തിരുവനന്തപുരം: കായിക താരങ്ങളോട് വീണ്ടും കേരള സർക്കാരിന്റെ അവഗണന. ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിന് പോകുന്ന താരങ്ങൾക്ക് യാത്ര, താമസ സൗകര്യങ്ങൾ ഇതുവരെ ഒരുക്കി നൽകിയിട്ടില്ല. ഇതോടെ വൻ തുക മുടക്കി പോകേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ.
ഭുവനേശ്വറിൽ ഈ മാസം 25-നാണ് അത്‍ലറ്റിക് മീറ്റ് തുടങ്ങുന്നത്. 20 വയസിൽ താഴെയുള്ള 71 അതലറ്റുകളാണ് ദേശീയ മീറ്റിന് യോഗ്യത നേടിയത്. സർക്കാർ നയാപൈസ നൽകാതെ സ്വന്തം ചെലവിലെത്തണമെന്നാണ് നിർദ്ദേശം. ട്രെയിനിൽ താരങ്ങൾക്ക് കൺസെഷൻ കിട്ടാത്തതും മൊത്തമായി സീറ്റ് ബുക്ക് ചെയ്യാനാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർക്കാർ യാത്ര ചെലവ് മുൻകൂട്ടി നൽകാത്തിനാൽ പിന്നാക്കം നിൽക്കുന്ന താരങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നമെന്നാണ് അത്‍ലറ്റിക് ഫെഡറേഷന്റെ വിശദീകരണം. മുൻ വർഷങ്ങളിൽ സമാന സാഹചര്യങ്ങളിൽ മീറ്റിന് പോയവർക്ക് സർക്കാർ ഇതുവരെയും പണം നൽകിയിട്ടില്ല. തിരികെ വന്ന കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടെന്നും പെൺകുട്ടികടക്കം ഒരു രാത്രി മുഴുവൻ ഒറ്റയ്‌ക്കിരുന്നുവെന്നും കായികതാരത്തിന്റെ പിതാവ് ആരോപിക്കുന്നു.
ഭുവനേശ്വറിലേക്ക് 22-നുള്ള വിവേക് എക്സ്പ്രസിലാണ് സംഘം യാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റിസർവേഷൻ സീറ്റുകളെല്ലാം തന്നെ വെയ്റ്റിംഗ് ലിസ്റ്റായി കഴിഞ്ഞു. 25 മുതൽ 29 വരെയാണ് മത്സരം. 24-ന് ടീം ഭുവനേശ്വറിൽ റിപ്പോർട്ട് ചെയ്യണം. നിരവധി കുട്ടികളുടെ ഭാവിയാണ് സർക്കാരിന്റെ അനാസ്ഥയിൽ തുലാസിലാകുന്നത്.