വ്യാജ ബോംബ് ഭീഷണി പരമ്പര അരങ്ങേറുമ്പോഴും യാത്രക്കാരുടെ എണ്ണത്തിൽ ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കുകൾ. ഒറ്റ ദിവസം 4,84,263 യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വ്യേമയാന മേഖല. നവരാത്രി, ദസറ, പൂജ എന്നിവയ്‌ക്ക് ശേഷമുള്ള പ്രവൃത്തി ദിനമായിരുന്ന ഒക്ടോബർ 14-നാണ് ഈ നേട്ടം കൈവരിച്ചത്.
ഡിജിസിഎയുടെ പുതിയ കണക്കുകൾ പ്രകാരം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 6.4 ശതമാനമായി ഉയർന്നു. 1.30 കോടി പേരാണ് സെപ്റ്റംബറിൽ വിമാനയാത്ര നടത്തിയത്. നേരത്തെ ഏപ്രിൽ 22-ന് രേഖപ്പെടുത്തിയ 4,71,751 പേർ ഒറ്റദിവസം യാത്ര ചെയ്തതായിരുന്നു ഇതിന് മുൻപുള്ള റെക്കോർഡ്. ഇതിൽ നിന്നും 2.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസങ്ങൾ കഴിയുന്തോറും വ്യോമയാന മേഖല വളർച്ച കൈവരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മുൻനിര വിമാന കമ്പനികളായ എയർഇന്ത്യയും ഇൻഡിഗോയും വിപണി വിഹിതത്തിൽ വർദ്ധന രേഖപ്പെടുത്തി.
സെപറ്റംബറിലെ കണക്ക് പ്രകാരം, ഇന്ത്യയിൽ കൃത്യസമയത്ത് സർവീസ് നടത്തുന്ന എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ് മാറി. ആകാശ എയർ എയർലൈനെ പിന്തള്ളിയാണ് എയർഇന്ത്യ മുൻപന്തിയിലെത്തിയത്.
ഇൻഡിഗോ രണ്ടാം സ്ഥാനത്തും വിസ്താര, എയർ ഇന്ത്യ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളും നേടി. ജൂൺ വരെയുള്ള നാല് മാസം സമയനിഷ്ഠ പാലിക്കുന്നതിൽ ആകാശ എയർ ഒന്നാമതെത്തിയിരുന്നെങ്കിലും സെപ്തംബറിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.