തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയതിനെ തുടർന്ന് എഡിഎം ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
നവീൻ ബാബുവിന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കണം. വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടത്. ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും. കാലാവധി പൂർത്തിയായെന്നും ഗവർണറെ മാറ്റുന്നതിൽ രാഷ്‌ട്രപതിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. .
കാലാവധി പൂർത്തിയായതിനെ തുടർന്ന് ആരിഫ് മുഹമ്മദ് ഖാനെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തിൽ ചില വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ട സാഹചര്യത്തിലാണ് മാറ്റുന്നതെന്നായിരുന്നു റിപ്പോർട്ട്. ആൻഡമാൻ നിക്കോബാറിലെ ലഫ്.ഗവർണറും, നാവികസേന മുൻ മേധാവിയുമായിരുന്ന അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷിക്ക് ജോഷിയ്‌ക്ക് കേരളത്തിന്റെ ചുമതല നല്‍കിയേക്കുമെന്നുമാണ് വിവരം.















