തൃശൂർ: തൃശൂർപൂരം തകർക്കാൻ ഇനിയൊരു ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. തൃശൂർപൂരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംഘപരിവാറിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ.
പൂരമുൾപ്പെടെ ക്ഷേത്ര ആചാരങ്ങൾക്കോ അനുഷ്ഠാനങ്ങൾക്കോ നേരെ ഇനിയൊരു ചൂണ്ടുവിരൽ ഉയർന്നാൽ ആ വിരൽ ചവിട്ടി ഒതുക്കാനുള്ള ശക്തിയായി ഹൈന്ദവ സംഘടനകൾ ഇവിടെ ഉണ്ടാകും. ഹൈന്ദവ സംഘടനകളെ ആക്ഷേപിച്ചാലും അധിക്ഷേപിച്ചാലും ഞങ്ങൾ അത് ചെയ്യും. കാരണം അത് ഞങ്ങളുടെ ലക്ഷ്യമാണ്.
കുറച്ച് കാലത്തേക്ക് എല്ലാവരെയും പറഞ്ഞ് പറ്റിക്കാം. പക്ഷേ, എല്ലാ കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഇതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം. ഈ വിജയങ്ങൾ ഇനി അങ്ങോട്ട് തുടർക്കഥയാകുമെന്നും ശശികല ടീച്ചർ പറഞ്ഞു.
കേരളത്തിൽ മലപ്പുറത്ത് നടക്കുന്ന ഹവാല ഇടപാടിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് പൂരം വിവാദം പൊക്കികൊണ്ടുവന്നതെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ ആർ.വി. ബാബു യോഗത്തിൽ പറഞ്ഞു.















