ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിന് കോടതി ജാമ്യം അനുവദിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പ്രാദേശിക കോടതി ജെയിന് ജാമ്യം അനുവദിച്ചത്. സമീപകാലത്ത് വിവിധ കേസുകളിൽ ജാമ്യം ലഭിച്ച മൂന്നാമത്തെ ആപ്പ് നേതാവാണ് ജെയിൻ.
50,000 രൂപയുടെ രണ്ട് ആൾജാമ്യത്തോടെയുള്ള ഇളവാണ് കോടതി അനുവദിച്ചത്. ഈ വർഷം മാർച്ചിൽ സ്ഥിരം ജാമ്യത്തിനായി ജെയിന് നൽകിയ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. കള്ളപ്പണം വെളിപ്പിച്ചതിൽ സത്യേന്ദർ ജെയിന് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയതോടെ 2022 മേയ് 30 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ഓഗസ്റ്റിലും കോടതി ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയാണ് സത്യേന്ദർ ജെയിനും കോടതി ജാമ്യം അനുവദിച്ചത്.















