ആദ്യ ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയ്‌ക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ കരുതലോടെ ബാറ്റിംഗ് നയിച്ച് ടീം ഇന്ത്യ. ബെംഗളൂരു ടെസ്റ്റിൽ ന്യൂസിലൻഡിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ 356 റൺസിന്റെ കമ്മിയുമാണ് ബാറ്റിംഗിനിറങ്ങിയത്. കരുതലോടെ തുടങ്ങിയ രോഹിത് ശർമ(52), യശസ്വി ജയ്സ്വാൾ (35) ജോഡി ആദ്യ വിക്കറ്റിൽ ഇന്ത്യക്ക് 72 റൺസ് നേടിക്കൊടുത്തു.
17-ാം ഓവറിൽ ജയ്സ്വാളാണ് ആദ്യം മടങ്ങിയത്. നാലോവറിന് ശേഷം ക്യാപ്റ്റനും വീണതോടെ ഇന്ത്യ പരുങ്ങിയെങ്കിലും ക്രീസിലൊന്നിച്ച കോലി-സർഫറാസ് സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് ഇന്ത്യക്ക് പൊരുതാനുള്ള കരുത്ത് നൽകിയത്. ടെസ്റ്റിൽ 9,000 റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ താരമായി വിരാട് കോലി ഇതിനിടെ മാറി. സച്ചിൻ ടെൻഡുൽക്കർ(15,921), രാഹുൽ ദ്രാവിഡ് (13,288), സുനിൽ ഗവാസ്കർ(10,122) എന്നിവരാണ് മുന്നിലുള്ളത്.
എന്നാൽ മൂന്നാം ദിനം അവസാനിക്കും മുൻപ് വിരാട് കോലി വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ഗ്ലെൻ ഫിലിപ്പ്സാണ് 70 റൺസെടുത്ത താരത്തെ പുറത്താക്കിയത്. 70 റൺസുമായി സർഫറാസാണ് ക്രീസിൽ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇന്ത്യ 49 ഓവറിൽ 231 റൺസ് നേടിയെങ്കിലും ഇപ്പോഴും 125 റൺസ് പിന്നിലാണ്. കിവീസിനായി അജാസ് പട്ടേൽ രണ്ടുവിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത് ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ (134) സെഞ്ചുറിയാണ്. ടിം സൗത്തിക്കൊപ്പം(65) എട്ടാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇടം കൈയൻ ബാറ്റർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപും രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. സിറാജിന് രണ്ടും ബുമ്രയ്‌ക്കും അശ്വിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.