പാമ്പിനെ കണ്ടാലുടൻ സ്വന്തം ജീവൻ എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ. എന്നാൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. യാഷ് തദ്‌വി എന്ന യുവാവാണ് വഴിയരികിൽ അനങ്ങാതെ കിടന്ന പാമ്പിന് രക്ഷകനായത്.
യാഷ് തദ്‌വി ഒരു വന്യജീവി രക്ഷാപ്രവർത്തകനാണ്. വഴിയരികിൽ അനക്കമില്ലാതെ കിടന്നിരുന്ന പാമ്പിനെക്കുറിച്ച് പ്രദേശവാസികളാണ് യാഷിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ യുവാവ് കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഒരടി നീളമുള്ള നീർക്കോലിയെയാണ്. ജീവന്റെ യാതൊരു ലക്ഷണവും നീർക്കോലിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ പാമ്പിനെ ഉപേക്ഷിച്ച് പോകാൻ യാഷും തയാറായില്ല. ശ്രദ്ധയോടെ പാമ്പിന്റെ കഴുത്തിൽപിടിച്ച് വായ തുറന്ന ശേഷം കൃത്രിമ ശ്വാസം (CPR)നൽകി. 3 മിനിറ്റോളം ഇത് തുടർന്നിട്ടും പാമ്പിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ തന്റെ മൂന്നാമത്തെ ശ്രമത്തിൽ യാഷ് വിജയിച്ചു.
അൽപസമയത്തിനുശേഷം പൂർണ ആരോഗ്യം വീണ്ടെടുത്ത പാമ്പിനെ യുവാവ് വനംവകുപ്പിന് കൈമാറി. കൃത്രിമ ശ്വാസം നൽകി യാഷ് പാമ്പിനെ രക്ഷിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. പലരും യുവാവിന്റെ പ്രവൃത്തിക്ക് അഭിനന്ദനങ്ങളുമായെത്തി. എന്നാൽ നീർക്കോലിക്ക് വിഷമില്ലെന്ന കാര്യം മറന്ന ചിലർ വിമർശനവുമായെത്തി. മരണം വിളിച്ച് വരുത്തുന്ന പ്രവൃത്തിയാണ് യുവാവ് ചെയ്യുന്നതെന്നായിരുന്നു ചിലരുടെ കമന്റ്.
Vadodara youth & Snake Rescuer Yash Tadvi brings Snake back to life with Mouth-to-Mouth CPR! #vadodara pic.twitter.com/MP1DFHLYst
— My Vadodara (@MyVadodara) October 16, 2024