പത്തനംതിട്ട: കണ്ണൂർ കളക്ടർ അരുൺ കെ. വിജയന്റെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിന്റ് കൗൺസിൽ. കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അറിയിച്ചതായി ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി. അഖിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സംഘടനയാണ് (സിപിഐ-അനുകൂല) ജോയിന്റ് കൗൺസിൽ.
കളക്ടറുടെ കത്തിൽ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. സംഭവത്തിൽ ഇടപെടാമായിരുന്നിട്ടും കളക്ടർ ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവകരമായി കാണുന്നില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചതായി ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അറിയിച്ചു.
യാത്രയയപ്പ് ചടങ്ങിനിടെ നവീൻ ബാബുവിനെ അപമാനിച്ച് പി.പി ദിവ്യ പ്രസംഗിക്കുമ്പോൾ ഒരു വാക്ക് പോലും പ്രതികരിക്കാതെ നിശബ്ദനായിരുന്ന കളക്ടറുടെ നിലപാടിനെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഘട്ടം മുതൽ ബിജെപി ജില്ലാ നേതൃത്വം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ കത്ത് നൽകിയത്.
എട്ട് മാസമായി തന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ആളായിരുന്നു നവീൻ ബാബു, എന്ത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ ആയിരുന്നു, നികത്താനാകാത്ത നഷ്ടമാണുണ്ടായത്, എന്നെല്ലാമായിരുന്നു കണ്ണൂർ ജില്ലാ കളക്ടർ കത്തിൽ കുറിച്ചത്.















