കന്നഡയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് അന്തരിച്ചു. മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്. കിഡ്നി തകരാറിനെ തുടർന്ന് 42-ാം വയസിലാണ് താരം അന്ത്യശ്വാസമെടുത്തത്.
ബെംഗളൂരു ആർ.ആർ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമ മേഖലയെ ഞെട്ടിട്ടു. ദീപക്കിനെ കുറച്ചു വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നാണ് സൂചന. ഭാര്യയ്‌ക്കും രണ്ടുമക്കൾക്കുമാെപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോകും മുൻപ് അന്ത്യകർമ്മങ്ങൾക്കായി വ്യാളികാവലിലെ വസതിയിൽ എത്തിക്കും.
സാൻഡൽവുഡിലെ നിരവധി താരങ്ങൾ സംവിധായകന്റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. 2011ൽ മാനസോളജി എന്ന ചിത്രം സംവിധാനം ചെയ്താണ് ദീപക് അരങ്ങേറുന്നത്. സഹോദരി അമൂല്യയായിരുന്നു നായിക. അവസാന ചിത്രമായ ഷുഗർ ഫാക്ടറി 2023ലാണ് റിലീസായത്. പുതിയൊരു ചിത്രത്തിന്റെ പ്ലാനിംഗിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നത്.















