പത്തനംതിട്ട: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാറിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മുഖ്യപ്രതിയും ചെങ്ങന്നൂർ സ്വദേശിയുമായ രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി മനോജ്, പുനലൂർ സ്വദേശി രാജനുമാണ് പിടിയിലായത്. ചെങ്ങന്നൂർ ജംഗ്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തുടർന്ന് പ്രതികൾ ഉപയോഗിച്ച കാറിൽ നടത്തിയ പരിശോധനയിലാണ് ആനപ്പല്ല് കണ്ടെത്തിയത്. എവിടെ നിന്നാണ് പ്രതികൾക്ക് ആനപ്പല്ല് ലഭിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും രാഹുലിനായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.















