ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ. നവംബർ ഒന്ന് മുതൽ രാജ്യത്ത് കർശന പരിശോധന നടത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
യു.എ.ഇ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിന്റെ കാലാവധി ഈമാസം 31നാണ് അവസാനിക്കുന്നത്.ഈ കാലയളവിൽ നിയമവിരുദ്ധ താമസക്കാർക്ക് പിഴയോ,യാത്രവിലക്കോ കൂടാതെ രാജ്യം വിടുന്നതിനോ താമസ പദവി നിയമപരമാക്കി യു.എ.ഇയിൽ തുടരുന്നതിനോ സൗകര്യമുണ്ട്. നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
നവംബർ ഒന്നു മുതൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കാനാണ് ഐ.സി.പിയുടെ തീരുമാനം.പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് കാലാവധിക്കുള്ളിൽ താമസരേഖകൾ നിയമവിധേയമാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഭീമമായ പിഴ നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ആമർ സെന്ററുകൾ കൂടാതെ, എംബസികളും ദുബൈ ഇന്ത്യൻ കോൺസുലേറ്റും പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.













