കണ്ണൂർ: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ കണ്ണൂർ പ്രസിഡന്റായിരുന്ന പി പി ദിവ്യയ്ക്കെതിരെ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും അപ്രതീക്ഷിതമായാണ് കടന്നുവന്നതെന്നും കളക്ടറേറ്റ് ജീവനക്കാരി പറഞ്ഞു.
ദിവ്യയുടെ പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചു പോയി. നവീൻ ബാബുവിനെതിരെ ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ദിവ്യയുടെ ആരോപണങ്ങൾക്ക് ശേഷം മൂന്നുവരിയിലാണ് നവീൻ ബാബു മറുപടി പ്രസംഗം അവസാനിപ്പിച്ചത്. യോഗത്തിന് ശേഷം മടങ്ങുമ്പോൾ അദ്ദേഹത്തിന് മാനസിക പ്രയാസമുള്ളതായി തോന്നിയിരുന്നു. ജില്ലാ കളക്ടറും പ്രസംഗം വളരെ പെട്ടന്ന് അവസാനിപ്പിച്ചെന്നും ജീവനക്കാർ കണ്ണൂർ ടൗൺ പൊലീസിന് മൊഴി നൽകി.
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പ്രശാന്തനെ ചോദ്യം ചെയ്തത്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ എഡിഎമ്മിന് 98,500 രൂപ കൈക്കൂലി നൽകിയെന്നാണ് പ്രശാന്തന്റെ ആരോപണം.