മുംബൈ: മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തർക്കം മുറുകുന്നു. സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് സംബന്ധിച്ചാണ് കോൺഗ്രസും, ഉദ്ധവ് താക്കറെയുടെ ശിവസേനയും തമ്മിൽ പോര് രൂക്ഷമായിരിക്കുന്നത്. മുംബൈയിലേയും കിഴക്കൻ വിദർഭയിലേയും സീറ്റുകളുടെ പേരിലാണ് തർക്കം.
ശിവസേന പിളർന്നതിന് പിന്നാലെ വിദർഭയിൽ ഉദ്ധവ് പക്ഷത്തിന്റെ സ്വാധീനം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് മേഖലയിൽ ഉദ്ധവ് പക്ഷത്തിന് സീറ്റ് നൽകാൻ കോൺഗ്രസ് വിസമ്മതിക്കുന്നത്. മുംബൈയിലും പ്രധാനപ്പെട്ട രണ്ട് സീറ്റുകൾ ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങിയ മണ്ഡലങ്ങളാണിത്. സംസ്ഥാനത്ത് ആകെ 28 സീറ്റുകളുടെ പേരിൽ തർക്കങ്ങൾ നിലനിൽക്കുന്നതായി മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരമാകുമെന്നും നാനാ പടോലെ പറയുന്നു.
അതേസമയം സീറ്റ് വിഭജനത്തിൽ കോൺഗ്രസിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് ശിവസേന ഉദ്ധവ്പക്ഷം നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തുകയാണെന്നും, പ്രധാനപ്പെട്ട പല മണ്ഡലങ്ങളുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറയുന്നു. ” തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുകയാണ്. മുന്നിൽ ഇനി അധികം സമയമില്ല. പക്ഷേ ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തീരുമാനം എടുക്കാനുള്ള പ്രാപ്തി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവർ വലിയൊരു പട്ടിക ഉണ്ടാക്കി ഡൽഹിയിലേക്ക് അയച്ചു കൊടുത്തുകൊണ്ടേ ഇരിക്കുകയാണ്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് എത്രയും വേഗം തീരുമാനങ്ങൾ അറിയേണ്ടതുണ്ട്.
രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. കാര്യങ്ങളിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് അവരോട് ആവശ്യപ്പെട്ടതായും” സഞ്ജയ് റാവത്ത് പറഞ്ഞു. കാര്യങ്ങളിൽ തീരുമാനമാകുന്നില്ലെന്ന സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ നാനാ പടോലെയും രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും, അന്തിമ തീരുമാനം എടുക്കുന്നത് രാഹുലും മല്ലികാർജ്ജുൻ ഖാർഗെയും തന്നെ ആയിരിക്കുമെന്നും നാനാ പടോലെ പറയുന്നു. ഇതിൽ മാറ്റം ഉണ്ടാകില്ലെന്നും, സഞ്ജയ് റാവത്തിന്റെ മറ്റ് വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും നാനാ പടോലെ പറഞ്ഞു.















