അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ട്രാക്കിൽ എഐ അധിഷ്ഠിതമായ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്). നൂതന സംവിധാനം വഴി അസമിൽ രക്ഷപ്പെട്ടത് 60-ഓളം കാട്ടാനകൾ. ആനക്കൂട്ടം രാത്രി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ നിർത്താൻ എഐ സംവിധാനം സഹായിക്കുകയായിരുന്നു.
ഗുവാഹത്തിയിൽ നിന്ന് ലുംഡിങ്ങിലേക്ക് പോവുകയായിരുന്നു കാംരൂപ് എക്‌സ്പ്രസ്. രാത്രിയിൽ ഹവായ്പൂരിനും ലംസാഖാങ്ങിനും ഇടയിൽ ആനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റ് ജെഡി ദാസും സഹായി ഉമേഷ് കുമാറും കണ്ടു. ഐഡിഎസ് സംവിധാനം വഴിയാണ് ഇരുവർക്കും ഏറെ മുൻപ് തന്നെ മുന്നറിയിപ്പ് ലഭിച്ചത്. പിന്നാലെ എമർജൻസി ബ്രേക്കിട്ടു. ട്രെയിൻ ഇടിക്കാതെ കാട്ടാന കൂട്ടം ട്രാക്ക് മുറിച്ചുകടന്നു.
ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് സംവിധാനം സജ്ജമാക്കിയത്. വനമേഖലയിലുള്ള ട്രാക്കുകളിൽ ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. നേരത്തെയും ഈ സംവിധാനം ആനകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. 2023-ൽ 414 ആനകളുടെയും ഈ വർഷം ജനുവരി മുതൽ ഒക്ടോബർ 16 വരെ 383 ആനകളുടെയും ജീവൻ രക്ഷിച്ചു.
View this post on Instagram